കേരളത്തിന്റെ വികസന സാംസ്‌കാരിക നേട്ടങ്ങളെയും സാമൂഹിക മുന്നേറ്റങ്ങളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള വേദിയാണ് കേരളീയം 2023. അന്താരാഷ്ട്രതലങ്ങളിൽ വരെ അംഗീകരിക്കപ്പെട്ട കേരളത്തിന്റെ സാമൂഹിക വികസന മാതൃകയുടെ നേർകാഴ്ചയാകും കേരളീയം. വിദ്യാഭ്യാസം മുതൽ വികസന സമീപനം വരെ ഇവിടെ വ്യത്യസ്തമാണ്, നവോത്ഥാനം, ഭൂപരിഷ്കരണം, ജനകീയാസൂത്രണം, അതിദാരിദ്ര നിർമാർജനം, സമ്പൂർണ സാക്ഷരത, പൊതുജനാരോഗ്യ സംരക്ഷണം, എല്ലാവർക്കും പാർപ്പിടം തുടങ്ങിയ സമസ്ത നേട്ടങ്ങളെ ലോകശ്രദ്ധയിലെത്തിച്ച് സംസ്ഥാനത്തെ സാമൂഹ്യ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണിത്. കേരളത്തിന്റെ രുചി വൈവിധ്യങ്ങൾ, സംസ്കാരം, ചരിത്രം, വികസന പുരോഗതി, സാമൂഹിക മുന്നേറ്റങ്ങൾ, സിനിമ, സാഹിത്യം എന്നിവ അടുത്തറിയാനുമുള്ള വലിയ വേദിയാകും ഇത്.